
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെ കെ ശൈലജ. കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ നിലപാടാണിതെന്ന് ശൈലജ വിമർശിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കെ.കെ. ശൈലജ പ്രതികരിച്ചത്. സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളെയും പൊതുഇടങ്ങളിലെ സാന്നിധ്യത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം അഭിപ്രായങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ കുറിപ്പിൽ ചൂണ്ടിക്കാട്ടി. സമൂഹത്തിൽ സ്ത്രീകൾ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന കാലഘട്ടത്തിൽ ഇത്തരം നിലപാടുകൾ പിന്നോട്ടുപോകുന്നതിന് തുല്യമാണെന്നും അവർ വിമർശിച്ചു.
കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും
പ്രദർശിപ്പിക്കുന്നത് ശരിയല്ല
എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം
സ്ത്രീവിരുദ്ധവുമാണ്.
ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എം എൽ എമാരും
മുനിസിപ്പൽ ചെയർപെഴ്‌സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും
മറ്റ് ജനപ്രതിനിധികളുമുണ്ട്.
ജഡ്ജിമാരും വക്കീലന്മാരും
ഡോക്ടർമാരും അധ്യാപകരും
ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്.
അവർ പൊതു സ്ഥലങ്ങളിൽ
ഒത്തുചേരുകയും മീറ്റിംഗ് കളിൽ
വേദി പങ്കെടുകയും ഒരുമിച്ച്
ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ
ആചാരക്രമമാണ്.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന്
ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.










